ഒരു മഹത്തായ അന്ത്യം
എന്റെ ഭർത്താവും മകനും ഒരു സിനിമ കാണുന്നതിനായി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞുകൊണ്ടിരുന്നു; ഒടുവിൽ അവരുടെ പ്രിയപ്പെട്ട സിനിമകൾ ഇതിനകം തന്നെ ഓടിക്കൊണ്ടിരിക്കുകയാണെന്നവർ കണ്ടെത്തി. അവസാന രംഗങ്ങൾ അവർ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, തിരയൽ ഒരു കളിയായി മാറി. അവർക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ തുടക്കം മുതൽ കാണുന്നതിന് ഒരു സിനിമ തിരഞ്ഞെടുക്കാത്തത് എന്നു ഞാൻ നിരാശയോടെ ചോദിച്ചു. എന്റെ ഭർത്താവ് ചിരിച്ചു: ''ആരാണ് ഒരു മഹത്തായ അന്ത്യത്തെ ഇഷ്ടപ്പെടാത്തത്?''
എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയോ സിനിമകളുടെയോ അവസാനത്തിനായി ഞാനും കാത്തിരിക്കാറുണ്ടെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഞാൻ എന്റെ ബൈബിൾ മറിച്ചു മറിച്ച് എനിക്കു പ്രിയപ്പെട്ട ഭാഗങ്ങളിലേക്കോ, കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ കഥകളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും യേശുവിലുള്ള വിശ്വാസികളെ സംബന്ധിച്ച് അവനെഴുതുന്ന കഥ നന്നായി അവസാനിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനുമായി പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിശ്വസനീയവും ജീവിത-സംബന്ധിയുമായ എല്ലാ വാക്കുകളും ഉപയോഗിക്കുന്നു.
ക്രിസ്തു തന്നെത്തന്നെ ''അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും'' ആയി പ്രഖ്യാപിക്കുന്നു (വെളിപ്പാട് 22:13). തന്റെ ജനം നിത്യജീവൻ അവകാശമാക്കുമെന്ന് അവൻ പ്രഖ്യാപിക്കുകയും (വാ. 14). ''ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്ന്'' കുറയ്ക്കുകയോ അതിനോടു കൂട്ടുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു (വാ. 18-19).
ബൈബിളിലെ എല്ലാം നമുക്കറിയുകയോ മനസ്സിലാകുകയോ ഇല്ലായിരിക്കാം, പക്ഷേ യേശു വീണ്ടും വരുന്നുവെന്ന് നമുക്കറിയാം. അവൻ തന്റെ വചനം പാലിക്കും. അവൻ പാപത്തെ ഇല്ലാതാക്കുകയും എല്ലാ തെറ്റുകളെയും ശരിയാക്കുകയും, എല്ലാറ്റിനെയും പുതിയതാക്കുകയും, നമ്മുടെ സ്‌നേഹസമ്പന്ന രാജാവായി എന്നേക്കും വാഴുകയും ചെയ്യും. ഇപ്പോൾ, അതു നമ്മുടെ പുതിയ തുടക്കത്തിലേക്കു നയിക്കുന്ന ഒരുമഹത്തായ അന്ത്യമാണ്!
എല്ലാവർക്കും ലഭ്യമായത്
കരീബിയയിലെ കൊച്ചു ദ്വീപായ എല്യൂതെറയിലെ ഒരു മനുഷ്യനിർമ്മിത പാലത്തിൽ നിന്നുകൊണ്ട്, അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇളകിമറിയുന്ന കരിനീല ജലവും കരീബിയൻ കടലിലെ ശാന്തമായ ഇളംപച്ച ജലവും തമ്മിലുള്ള വ്യത്യാസത്തെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ഒരുകാലത്ത് ഇവയെ തമ്മിൽ വേർതിരിച്ചിരുന്ന വീതികുറഞ്ഞ ഭൂഭാഗത്തെയും പ്രകൃതിനിർമ്മിതമായ കൽകമാനത്തെയും കാലക്രമേണ കൊടുങ്കാറ്റ് തുടച്ചുനീക്കി. അതിനു പകരം നിർമ്മിക്കപ്പെട്ടതും എല്യൂതെറയിലെ വിനോദസഞ്ചാര ആകർഷണമായി വർത്തിക്കുന്നതുമായ കണ്ണാടി ജനൽ പാലം ''ഭൂമിയിലെ ഏറ്റവും ഇടുങ്ങിയ സ്ഥലം'' എന്നറിയപ്പെടുന്നു.
നിത്യജീവനിലേക്ക് നയിക്കുന്ന വഴി ഇടുങ്ങിയതാണെന്നും ''അത് കണ്ടെത്തുന്നവർ ചുരുക്കമാണ്'' എന്നും ബൈബിൾ വിവരിക്കുന്നു (മത്തായി 7:14). വാതിൽ ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണം, വീണുപോയ മനുഷ്യനെയും പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക പാലം ദൈവപുത്രനാണ് എന്നതാണ് (വാ. 13-14; യോഹന്നാൻ 10: 7-9; 16:13 കാണുക). എന്നിരുന്നാലും, എല്ലാ ജാതികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സാമൂഹിക പദവിയിൽ നിന്നുമുള്ള വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും രാജാധിരാജാവിന്റെ മുമ്പിൽ വണങ്ങുകയും അവന്റെ സിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കുകയും ചെയ്യുമെന്നും തിരുവെഴുത്ത് പറയുന്നു (വെളിപ്പാട് 5:9). വൈരുദ്ധ്യത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണമായ ചിത്രത്തിൽ ദൈവത്തിന്റെ മനോഹരമാംവിധം വൈവിധ്യമാർന്ന സകല ആളുകളും ഉൾപ്പെടുന്നു.
നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ടെങ്കിലും, ദൈവം സൃഷ്ടിച്ച ഓരോ വ്യക്തിയെയും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ലഭ്യമായ നിരപ്പിന്റെ ഈ ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിലെ നിത്യതയിലേക്കു പ്രവേശിക്കാൻ ദൈവം ക്ഷണിക്കുന്നു. ക്രൂശിലെ അവന്റെ പരമയാഗം, കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവയാണ് സുവാർത്ത. അത് എല്ലാവർക്കും ലഭ്യമായതും ഇന്നും എല്ലാ ദിവസവും പങ്കിടേണ്ടതുമായ സുവാർത്തയാണ്.
ക്രിസ്തുവിലുള്ള അമൂല്യ ജീവിതങ്ങള്‍
നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന്‍ പറഞ്ഞു, ''എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.''
''നന്ദി,'' ഞാന്‍ പ്രതികരിച്ചു. ''എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.'' പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ''ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.''
പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ''യേശുവേ, നന്ദി!'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു.
നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്‌നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.
സത്യത്തോടൊപ്പമുള്ള നുണകള്‍
ഞാന്‍ പ്രസംഗപീഠത്തില്‍ വേദപുസ്തകം വെച്ചിട്ട്, സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ആകാംക്ഷയുള്ള മുഖങ്ങളിലേക്ക് ഉറ്റുനോക്കി. ഞാന്‍ പ്രാര്‍ത്ഥിക്കുകയും തയ്യാറെടുക്കുകയും ചെയ്തതാണ്. പിന്നെ എന്തുകൊണ്ടാണ് എനിക്കു സംസാരിക്കാന്‍ കഴിയാത്തത്?
നീ വിലകെട്ടവളാണ്. ആരും ഒരിക്കലും നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയില്ല, പ്രത്യേകിച്ചും അവര്‍ക്ക് നിന്റെ ഭൂതകാലം അറിയാമെങ്കില്‍. ദൈവം നിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. എന്റെ ജീവിതത്തിലുടനീളം പലവിധത്തില്‍ സംസാരിച്ചതും ഞാന്‍ വളരെ എളുപ്പത്തില്‍ വിശ്വസിച്ചതും നുണകള്‍ക്കെതിരായ ഒരു ദശാബ്ദക്കാലത്തെ എന്റെ യുദ്ധത്തിനു കാരണമായതുമായ ഈ വാക്കുകള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ഈ വാക്കുകള്‍ ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ ബൈബിള്‍ തുറന്നു.
സദൃശവാക്യങ്ങള്‍ 30:5 ലേക്കു തിരിഞ്ഞുകൊണ്ട്, അവ ഉച്ചത്തില്‍ വായിക്കുന്നതിനുമുമ്പു ഞാന്‍ ദീര്‍ഘമായി ശ്വാസമെടുത്തു. ''ദൈവത്തിന്റെ സകല വചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവന്‍ പരിച തന്നേ'' എന്നു ഞാന്‍ വായിച്ചു. സമാധാനം എന്നെ നിറച്ചതിനാല്‍ ഞാന്‍ കണ്ണുകള്‍ അടച്ചു, സദസ്യരുമായി എന്റെ സാക്ഷ്യം പങ്കിടാന്‍ തുടങ്ങി.
നമ്മില്‍ പലരും നിഷേധാത്മക വാക്കുകളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തളര്‍ത്തുന്ന ശക്തി അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വചനങ്ങള്‍ ''ശുദ്ധിചെയ്തതും'' തികഞ്ഞതും തികച്ചും ഗൗരവമുള്ളതുമാണ്. നമ്മുടെ മൂല്യത്തെക്കുറിച്ചോ ദൈവമക്കളെന്ന നിലയില്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ നിലനില്‍ക്കുന്നതും തെറ്റിക്കൂടാത്തതുമായ സത്യം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സംരക്ഷിക്കുന്നു. ''യഹോവേ, പേണ്ടയുള്ള നിന്റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു'' (സങ്കീര്‍ത്തനം 119:52) എന്നെഴുതിയ സങ്കീര്‍ത്തനക്കാരനെ നമുക്ക് പ്രതിധ്വനിപ്പിക്കാന്‍ കഴിയും.
ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരുവെഴുത്തിനെ സ്വീകരിച്ചുകൊണ്ട് അവയ്‌ക്കെതിരായ നുണകളെ നമുക്കു ചെറുത്തുനില്‍ക്കാം.
ദയയുടെ പൈതൃകം
മുപ്പതു വര്‍ഷത്തിലേറെക്കാലം മാര്‍ത്ത ഒരു പ്രാഥമിക വിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു. എല്ലാ വര്‍ഷവും, ഞെരുക്കമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ അവള്‍ പണം ലാഭിച്ചു. രക്താര്‍ബുദം ബാധിച്ച് അവള്‍ മരിച്ചതിനുശേഷം, ഞങ്ങള്‍ അവളുടെ ആജീവനാന്ത സേവനത്തിന്റെ സ്മരണയ്ക്കായി ഒരു ആഘോഷം നടത്തി. പൂക്കള്‍ക്കു പകരമായി, പതിറ്റാണ്ടുകളായി അവള്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നൂറുകണക്കിനു പുതിയ വസ്ത്രങ്ങള്‍ ആളുകള്‍ സംഭാവന ചെയ്തു. ദയാപൂര്‍വ്വമായ വാക്കുകളും ചിന്തനീയമായ പ്രവൃത്തികളും ഉപയോഗിച്ച് മാര്‍ത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച എണ്ണമറ്റ വഴികളെക്കുറിച്ചുള്ള കഥകള്‍ പലരും പങ്കിട്ടു. നിത്യതയുടെ ഈ വശത്ത് അവളുടെ ജീവിതം അവസാനിച്ചതിനുശേഷം മൂന്നു വര്‍ഷത്തേക്ക് അവളുടെ സഹഅധ്യാപകര്‍ ആവശ്യമുള്ള കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ നല്‍കി അവളുടെ ഓര്‍മ്മയെ ആദരിച്ചു. അവളുടെ ദയയുടെ പൈതൃകം, ആവശ്യമുള്ളവരെ ഉദാരമായി സേവിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.
അപ്പൊസ്തല പ്രവൃത്തികള്‍ 9 ല്‍, 'വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്ന' ഡോര്‍ക്കസ് എന്ന സ്ത്രീയെക്കുറിച്ചുള്ള ഒരു കഥ അപ്പൊസ്തലനായ ലൂക്കൊസ് പങ്കുവെക്കുന്നു (വാ. 36). അവള്‍ രോഗബാധിതയായി മരിച്ചതിനുശേഷം, ദുഃഖിതരായ സമൂഹം തങ്ങളെ സന്ദര്‍ശിക്കാന്‍ പത്രൊസിനെ നിര്‍ബന്ധിച്ചു. ഡോര്‍ക്കസ് മറ്റുള്ളവരെ സേവിച്ചുകൊണ്ടു ജീവിച്ചതിന്റെ തെളിവുകള്‍ എല്ലാ വിധവമാരും പത്രൊസിനു കാണിച്ചുകൊടുത്തു (വാ. 39). മനസ്സലിവിന്റെ അത്ഭുതകരമായ ഒരു പ്രവൃത്തിയിലൂടെ പത്രൊസ് ഡോര്‍ക്കസിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡോര്‍ക്കാസിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു, 'പലരും കര്‍ത്താവില്‍ വിശ്വസിച്ചു' (വാ. 42). എന്നാല്‍ പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സേവിക്കാനുള്ള ഡോര്‍ക്കസിന്റെ പ്രതിബദ്ധതയാണ് അവളുടെ സമൂഹത്തിലെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സ്‌നേഹപൂര്‍വമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്തത്.
പ്രത്യാശയോടെ കാത്തിരിക്കുക
ഞങ്ങളുടെ വാരാന്ത്യ അവധിക്കാലത്ത്, റോജലിയോ ഞങ്ങളുടെ വെയ്റ്ററായി സേവനമനുഷ്ഠിച്ചു. ഒരു സംഭാഷണമധ്യേ, ശക്തമായ വിശ്വാസവും അനുകമ്പയുമുള്ള തന്റെ ഭാര്യ കാലിയെ തനിക്കു തന്നനുഗ്രഹിച്ചത് യേശുവാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചതിനുശേഷം, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അവരുടെ സഹോദരീപുത്രിയെ പരിപാലിക്കാനുള്ള അവസരം ദൈവം അവര്‍ക്കു നല്‍കി. താമസിയാതെ, റോജലിയോയുടെ ഭാര്യാമാതാവിനും സംരക്ഷണവും പരിചരണവും ആവശ്യമായി വന്നു.
റോജലിയോ സന്തോഷത്തോടെ ജോലി ചെയ്യുന്നു. ദൈവം അവരെ ഏല്‍പ്പിച്ച ആളുകളെ പരിചരിക്കുന്നതിനു ഭാര്യയെ സഹായിക്കുന്നതിനായി അദ്ദേഹം പലപ്പോഴും ഇരട്ട ഷിഫ്റ്റുകള്‍ ചെയ്യുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനായി അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്ത ആ ദമ്പതികളുടെ മാര്‍ഗ്ഗം എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ റോജലിയോ പറഞ്ഞു, 'അവരെ - താങ്കളെയും - ശുശ്രൂഷിക്കുന്നത് എന്റെ സന്തോഷമാണ്.''
നാം അന്യോന്യം നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കുമ്പോള്‍, ഔദാര്യത്തോടെയും ആവശ്യങ്ങള്‍ക്കായി ദൈവത്തിലാശ്രയിച്ചും ജീവിക്കുന്നതിന്റെ ശക്തി റോജലിയോയുടെ ജീവിതം ഉറപ്പിക്കുന്നു. 'ആശയില്‍ സന്തോഷിക്കുവിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുകയും അതിഥിസല്ക്കാരം ആചരിക്കുകയും ചെയ്യുവിന്‍'' (റോമര്‍ 12:10-13) എന്ന് അപ്പൊസ്തലനായ പൗലൊസ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു.
അസഹനീയമായ സാഹചര്യങ്ങളിലേക്കു നമ്മെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ തള്ളിയിട്ടുകൊണ്ട്, നമ്മുടെ ജീവിതത്തിനു ക്ഷണനേരംകൊണ്ടു മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ നാം ദൈവത്തെ കാത്തിരിക്കുമ്പോള്‍, ദൈവം നമുക്കു നല്‍കിയതെല്ലാം പങ്കുവെയ്ക്കാന്‍ നാം തയ്യാറായാല്‍, നമുക്കൊരുമിച്ച് അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ മുറുകെപ്പിടിക്കാന്‍ കഴിയും.
രഹസ്യദാതാവ്
ശാരീരികവൈകല്യമുള്ള മുന്‍ സൈനികനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളിയായിത്തീര്‍ന്നു അവ ചെയ്തുതീര്‍ക്കാന്‍ കൂടുതല്‍ സമയമെടുത്തു. വേദന കൂടി. എന്നിട്ടും ഭാര്യയെയും കുട്ടിയെയും ശുശ്രൂഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാ ആഴ്ചയും അദ്ദേഹം തന്റെ തോട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്നത് വഴിപോക്കര്‍ കാണാറുണ്ട്.
ഒരു ദിവസം, ക്രിസ്റ്റഫറിന് ഒരു അജ്ഞാതദാതാവില്‍ നിന്ന് ഒരു കത്തു ലഭിച്ചു; ഒപ്പം, തന്റെ തോട്ടം ജോലികളില്‍ സഹായമായി വിലയേറിയ ഒരു യന്ത്രവും. ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കാന്‍ ലഭിച്ച പദവിയിലൂടെയാണ് രഹസ്യദാതാവിനു സംതൃപ്തി ലഭിച്ചത്.
നമ്മുടെ ദാനമെല്ലാം രഹസ്യമായിരിക്കണം എന്ന് യേശു പറയുന്നില്ല. എന്നാല്‍ നാം നല്‍കുന്നതിന്റെ പിന്നിലെ നമ്മുടെ ഉദ്ദേശ്യങ്ങള്‍ പരിശോധിക്കാന്‍ അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു (മത്തായി 6:1). യേശു പറഞ്ഞു: “ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ മാനം ലഭിക്കുവാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്’’ (വാ. 2). കൈതുറന്ന ദാതാക്കളായിരിക്കാന്‍ ദൈവം നമ്മെക്കുറിച്ചു പ്രതീക്ഷിക്കുമ്പോള്‍ത്തന്നെ, മറ്റുള്ളവരുടെ കൈയടിയും അംഗീകാരവും ലഭിക്കുന്നതിനായി ജനങ്ങളുടെ മുമ്പില്‍വെച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ അവിടുന്നു നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ പക്കലുള്ളതെല്ലാം ദൈവത്തില്‍നിന്നുള്ളതാണെന്നു നാം മനസ്സിലാക്കുമ്പോള്‍, നമ്മുടെ സ്വന്തം തോളില്‍ തട്ടുന്നതിനോ മറ്റുള്ളവരുടെ പ്രശംസ നേടുന്നതിനോ ആവശ്യമില്ലാത്ത രഹസ്യ ദാതാക്കളാകാന്‍ നമുക്കു കഴിയും. എല്ലാ നന്മകളുടെയും ഉറവിടമായ നമ്മുടെ സര്‍വ്വജ്ഞാനിയായ ദൈവം, തന്റെ ജനത്തിന്റെ നിഷ്‌കളങ്കമായ ഔദാര്യത്തില്‍ ആനന്ദിക്കുന്നു. അവിടുത്തെ അംഗീകാരമെന്ന പ്രതിഫലത്തെ കടത്തിവെട്ടുന്ന യാതൊന്നുമില്ല.
മൂല്യമുള്ളവനോ യോഗ്യനോ?
ആഫ്രിക്കന്‍ കോംഗോയിലെ ഇംഗ്ലിഷ് മിഷനറി ഡോക്ടറായിരുന്ന ഹെലന്‍ റോസ്‌വെയറിനെ, 1964 ലെ സിംബ കലാപസമയത്ത് കലാപകാരികള്‍ തടവുകാരിയാക്കി. അവര്‍ അവളെ നിര്‍ദ്ദയം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനാല്‍ അവള്‍ ഭയങ്കരമായ കഷ്ടം അനുഭവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 'ഇതു മൂല്യമുള്ളതാണോ?' എന്ന് അവള്‍ സ്വയം ചോദിക്കുമായിരുന്നു.
യേശുവിനെ അനുഗമിക്കുന്നതിന്റെ ചെലവ് അവള്‍ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍, ദൈവം തന്നോട് അതിനെക്കുറിച്ചു സംസാരിക്കുന്നതായി അവള്‍ക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചു, “കലാപസമയത്ത് ഭയാനകമായ നിമിഷങ്ങളില്‍ അതിനു വില കൊടുക്കാനാവില്ലെന്നു തോന്നിയപ്പോള്‍, കര്‍ത്താവ് എന്നോടു പറഞ്ഞു, 'ചോദ്യം മാറ്റുക. 'ഇതു മൂല്യമുള്ളതാണോ?’ എന്നല്ല, 'ഞാന്‍ യോഗ്യയാണോ?'എന്നാണു ചോദിക്കേണ്ടത്.'' അവള്‍ അനുഭവിച്ച വേദനകള്‍ക്കിടയിലും,' എപ്പോഴും ഉത്തരം, അതെ, അവന്‍ യോഗ്യനാണ്’ 'എന്നായിരുന്നു എന്നവള്‍ വിശദീകരിച്ചു.
അവളുടെ കഠിനമായ അഗ്‌നിപരീക്ഷയ്ക്കിടെ അവളുടെയുള്ളില്‍ പ്രവര്‍ത്തിച്ച ദൈവകൃപയിലൂടെ, എന്തുതന്നെ നേരിട്ടാലും, അവള്‍ക്കുവേണ്ടി മരണം പോലും അനുഭവിച്ച രക്ഷകന്‍ പിന്തുടരാന്‍ യോഗ്യനാണെന്ന് ഹെലന്‍ റോസ് വെയര്‍ തീരുമാനിച്ചു. 'അവന്‍ യോഗ്യനാണ്' എന്ന അവളുടെ വാക്കുകള്‍, വെളിപ്പാടിന്റെ പുസ്തകത്തില്‍ യേശുവിന്റെ സിംഹാസനത്തിനു ചുറ്റുമുള്ളവരുടെ ആര്‍പ്പിനെ പ്രതിധ്വനിക്കുന്നു: “അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്‌തോത്രവും ലഭിക്കുവാന്‍ യോഗ്യന്‍ എന്ന് പറഞ്ഞു!'' (5:12).
നാം നിത്യജീവനും പ്രത്യാശയും പ്രാപിക്കുന്നതിനായി നമ്മുടെ രക്ഷകന്‍ നമുക്കുവേണ്ടി കഷ്ടം അനുഭവിക്കുകയും രക്തം ചിന്തുകയും മരിക്കുകയും, തന്നെ പൂര്‍ണ്ണമായി നമുക്കു നല്‍കുകയും ചെയ്തു. നമ്മെ മൊത്തമായി അവിടുന്ന് അര്‍ഹിക്കുന്നു. അവിടുന്ന് യോഗ്യനാണ്!
പുതുക്കിയ ദര്‍ശനം
എന്റെ ഇടതു കണ്ണിന്റെ വേദനാജനകമായ ഒരു ശസ്ത്രക്രിയയ്ക്കു ശേഷം, ഡോക്ടര്‍ ഒരു കാഴ്ച പരിശോധന ശുപാര്‍ശ ചെയ്തു. ആത്മവിശ്വാസത്തോടെ, ഞാന്‍ എന്റെ വലതു കണ്ണു മൂടി ചാര്‍ട്ടിലെ ഓരോ വരിയും എളുപ്പത്തില്‍ വായിച്ചു. എന്റെ ഇടതു കണ്ണു മൂടിയപ്പോള്‍ ഞാന്‍ കിതച്ചു. ഞാന്‍ ഇത്ര അന്ധയാണെന്നു ഞാന്‍ എന്തുകൊണ്ടു മനസ്സിലാക്കിയില്ല?
പുതിയ കണ്ണട വെച്ച് കാഴ്ചശക്തി വര്‍ദ്ധിപ്പിച്ചപ്പോഴാണ് എന്റെ ആത്മീയ അന്ധതയെക്കുറിച്ചു ഞാന്‍ ബോധവതിയായത്. എന്റെ വേദനയിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലും, എനിക്കു കാണാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു ഞാന്‍ അന്ധയാകുകയായിരുന്നു. അത്തരമൊരു പരിമിതമായ കാഴ്ചപ്പാടില്‍, പ്രത്യാശ എന്നത് കൈവരിക്കാനാവാത്ത ഒരു വിദൂര ലക്ഷ്യമായി മാറി.
തന്റെ ഇപ്പോഴത്തെ വേദന, അനിശ്ചിതത്വം, നഷ്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, ദൈവത്തിന്റെ വിശ്വാസ്യത തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട മറ്റൊരു സ്ത്രീയുടെ കഥ 1 ശമൂവേല്‍ 1-ാം അധ്യായം പറയുന്നു. വര്‍ഷങ്ങളോളം മക്കളില്ലാത്തതിന്റെ വേദനയും തന്റെ ഭര്‍ത്താവായ എല്ക്കാനയുടെ മറ്റൊരു ഭാര്യയായ പെനിന്നായില്‍നിന്നുള്ള അന്തമില്ലാത്ത നിന്ദയും ഹന്നാ അനുഭവിച്ചു. ഹന്നായുടെ ഭര്‍ത്താവ് അവളെ സ്‌നേഹിച്ചിരുന്നു എങ്കിലും അതവള്‍ക്കു സംതൃപ്തി നല്‍കിയില്ല. ഒരു ദിവസം അവള്‍ ഉള്ളു തുറന്നു പ്രാര്‍ത്ഥിച്ചു. പുരോഹിതനായ ഏലി അവളെ ചോദ്യം ചെയ്തപ്പോള്‍ അവള്‍ അവളുടെ അവസ്ഥ വിശദീകരിച്ചു. അവള്‍ പോകുമ്പോള്‍ ദൈവം അവളുടെ അപേക്ഷ നല്‍കണമേയെന്ന് ഏലി പ്രാര്‍ത്ഥിച്ചു (1 ശമൂവേല്‍ 1:17). ഹന്നയുടെ അവസ്ഥ ഉടനടി മാറിയില്ലെങ്കിലും, ആത്മവിശ്വാസത്തോടെ അവള്‍ മടങ്ങിപ്പോയി (വാ. 18).
1 ശമൂവേല്‍ 2:1-2 ലെ അവളുടെ പ്രാര്‍ത്ഥന ഹന്നയുടെ ശ്രദ്ധാകേന്ദ്രത്തിലുണ്ടായ മാറ്റം വെളിപ്പെടുത്തുന്നു. അവളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പുതന്നെ, ഹന്നയുടെ പുതുക്കിയ ദര്‍ശനം അവളുടെ കാഴ്ചപ്പാടിനെയും മനോഭാവത്തെയും മാറ്റി. അവളുടെ പാറയും നിത്യ പ്രത്യാശയുമായ ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തില്‍ അവള്‍ സന്തോഷിച്ചു.
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക
ജോ ഒരു ദിവസം പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്തു. പലപ്പോഴും ഇടവേളകള്‍ എടുക്കാതെയാണു ജോലിചെയ്തിരുന്നത്. ഒരു ചാരിറ്റബിള്‍ ബിസിനസ്സ് ആരംഭിച്ച ജോയ്ക്കു ജോലിയില്‍ വളരെയധികം സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിവന്നതിനാല്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാന്‍ അല്പം പോലും സമയം അവശേഷിച്ചിരുന്നില്ല. ക്രമേണ കടുത്ത സമ്മര്‍ദ്ദം മൂലം ജോ ആശുപത്രിയിലായി. അദ്ദേഹത്തെ സഹായിക്കാനായി കുറച്ചു പേരെ സംഘടിപ്പിക്കാമെന്ന് ഒരു സുഹൃത്തു വാഗ്ദാനം ചെയ്തു. തന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കിലും, തന്റെ നിലവിലെ വേഗത നിലനിര്‍ത്താന്‍ കഴിയില്ലെന്നു ജോയ്ക്ക് അറിയാമായിരുന്നു. തന്റെ സുഹൃത്തിനെയും ദൈവത്തെയും വിശ്വസിക്കാന്‍ ജോ സമ്മതിച്ചു. അവര്‍ ഒരുമിച്ചു തിരഞ്ഞെടുത്ത ആളുകളെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചു. ഒരു വര്‍ഷത്തിനുശേഷം, ദൈവം അയച്ച സഹായം താന്‍ നിരസിച്ചിരുന്നുവെങ്കില്‍, ചാരിറ്റിക്കും കുടുംബത്തിനും ഒരിക്കലും അഭിവൃദ്ധിപ്പെടാന്‍ കഴിയുമായിരുന്നില്ലെന്ന് ജോ സമ്മതിച്ചു.
സ്‌നേഹമുള്ള ഒരു സമൂഹത്തിന്റെ പിന്തുണയില്ലാതെ അഭിവൃദ്ധി പ്രാപിക്കാനല്ല ദൈവം ആളുകളെ രൂപകല്പന ചെയ്തിട്ടുള്ളത്. പുറപ്പാട് 18 - ല്‍, മോശെ, യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിക്കുന്നതു നാം കാണുന്നു. ഉപദേഷ്ടാവ്, ആലോചനക്കാര്‍, ന്യായാധിപന്‍ എന്നീ നിലകളില്‍ ദൈവജനത്തെ സേവിക്കാന്‍ മോശെ ശ്രമിച്ചു. മോശെയുടെ അമ്മായിയപ്പന്‍ ഒരു സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹം മോശെയ്ക്ക് ഈ ഉപദേശം നല്‍കി: 'നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിക്കുവാന്‍ നിനക്കു കഴിയുന്നതല്ല' (പുറ. 18:18). വിശ്വസ്തരായ ആളുകളുമായി ജോലിഭാരം പങ്കിടാന്‍ അവന്‍ മോശെയെ പ്രോത്സാഹിപ്പിച്ചു. മോശെ സഹായം സ്വീകരിച്ചു, അതു സമൂഹത്തിനു മുഴുവനും പ്രയോജനപ്പെട്ടു.
നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ദൈവം തന്റെ എല്ലാ ജനങ്ങളിലും ജനങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നു നാം വിശ്വസിക്കുമ്പോള്‍, നമുക്ക് യഥാര്‍ത്ഥ വിശ്രമം കണ്ടെത്താന്‍ കഴിയും.